തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പാണ് വിതരണം ചെയ്യുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി.
ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതിയാണ് കൊവിഡ് മരണങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക. എല്ലാ രേഖകളും പ്രത്യേകസമിതി പരിശോധിച്ച ശേഷമായിരിക്കും കൊവിഡ് മരണം തീരുമാനിക്കുക. നേരത്തെ രേഖപ്പെടുത്താത്ത മരണങ്ങള്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും. മരിച്ചവരുടെ ബന്ധുക്കള്‍ രേഖാമൂലം ജില്ലാ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനുശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍ ഉള്‍പ്പെടുത്തി, സര്‍ക്കാരിന്റെ ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം.
കൊവിഡ് പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനുള്ളില്‍ മരണപ്പെടുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കൊവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താലും കൊവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിനുപുറമേയാണ് നേരത്തെ രേഖപ്പെടുത്താത്ത കൊവിഡ് മരണങ്ങളും പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
Post Your Comments