പാരീസ്: ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് പിഎസ്ജി. സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീർക്കാൻ കൂടിയായി പിഎസ്ജിയുടെ ഈ വിജയം.
പിഎസ്ജിയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ എത്തിയത് പിഎസ്ജിക്ക് ഊർജ്ജം നൽകി. ഇരുടീമുകളും അറ്റാക്കിങ് ഫുട്ബോളാണ് ആദ്യം മുതൽ പുറത്തെടുത്തത്. മത്സരത്തിലെ എട്ടാം മിനിറ്റിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ഇദ്രിസ ഗയെയുടെ ഗോളിൽ പിഎസ്ജി ലീഡ് നേടി. ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.
ഇരുപത്തിയാറാം മിനിറ്റിൽ സ്റ്റെർലിംഗിന്റെ ഒരു ഹെഡർ ബാറിൽ തട്ടി മടങ്ങി. ആ ഷോട്ട് റീബൗണ്ട് ചെയ്ത ബെർണർഡോ സിൽവയ്ക്ക് ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 74-ാം മിനിറ്റിൽ മെസ്സി എംബാപ്പെ കൂട്ടുകെട്ടിൽ നടത്തിയ മുന്നേറ്റത്തിൽ സിറ്റി ഗോൾകീപ്പർ എഡേഴ്സണെ കാഴ്ചക്കാരനാക്കി മെസ്സി പിഎസ്‌ജിയുടെ വിജയം ഉറപ്പിച്ചു.
Read Also:- ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാര്‍ വാഴ
മെസ്സിയുടെ ഇടം കാലിൽ നിന്നുള്ള ഷോട്ട് നോക്കി നിന്ന് ആസ്വദിക്കാൻ മാത്രമേ സിറ്റി ഗോൾകീപ്പർ എഡേഴ്സണ് ആയുള്ളൂ. പിഎസ്ജിയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ അവർ സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് എയിൽ നാല് പോയിന്റ് നേടിയ പിഎസ്ജി ഒന്നാമതും മൂന്ന് പോയിന്റ് നേടിയ സിറ്റി മൂന്നാം സ്ഥാനത്തും തുടരുന്നു.
Post Your Comments