തിരുവനന്തപുരം: കോൺഗ്രസിലെ പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഇക്കാര്യങ്ങള്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി സംസാരിച്ചിട്ടുണ്ടെന്നും പുനഃസംഘടന നീളരുതെന്നും മുരളീധരന്‍ പറഞ്ഞു. താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷണ്യം തള്ളണമെന്നും മുരളീധരന്‍ വ്യക്തമാക്കി. കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും എഐസിസിയില്‍ നിന്നുമുള്ള വിഎം സുധീരന്റെ രാജിയിലും മുരളീധരന്‍ പ്രതികരിച്ചു.
‘അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് സുധീരന് ആവശ്യപ്പെടാമായിരുന്നു. വിഎം സുധീരനെ നേരിട്ട് കാണും. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്ത് പോകില്ല. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയേ അദ്ദേഹം ശ്രമിക്കൂ. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകും. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടൂ. കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെയെല്ലാം താരിഖ് അന്‍വര്‍ കാണുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാണ്ട് നിര്‍ദേശം നല്‍കിയിരുന്നു’- കെ മുരളീധരൻ വ്യക്തമാക്കി.
Post Your Comments