ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. രാവിലെ ജോലിക്ക് പോകാനായി കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വാതിലിന് അടിവശത്ത് ഒരു മൊബൈൽ ക്യാമറ ഉള്ളതായി പൊലീസ് ഉദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടത്.
പൊലീസ് ഉദ്യോഗസ്ഥ ബഹളമുണ്ടാക്കിയപ്പോഴേക്കും, മൊബൈൽ ഫോൺ കാണാതായി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഓഫീസിലേക്ക് കൂട്ടാൻ വന്ന പൊലീസ് ഡ്രൈവറായ കോൺസ്റ്റബിൾ സ്ഥലത്തുനിന്ന് അപ്രത്യക്ഷമായതായി വ്യക്തമായത്. അടുത്ത ദിവസം ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥയെ കാണാന്‍ വരികയും കൈവശം നഗ്നദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു.
അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. ഇതോടെ പൊലീസ് കോൺസ്റ്റബിൾ ഒളിവിൽ പോയി. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട്.
Post Your Comments