ജയ്പൂർ: രാജസ്ഥാനിൽ സവായി മധോപൂർ ജില്ലയിലെ ഗംഗാപൂർ നഗരത്തിൽ റീറ്റ് പരീക്ഷയിൽ ഭാര്യമാർക്ക് ചോദ്യപേപ്പർ ലഭിക്കാൻ സഹായം ചെയ്തതിന് രണ്ട് പൊലീസുകാർ പിടിയിലായി. പരീക്ഷാ പേപ്പർ സൂക്ഷിക്കുന്ന സുരക്ഷാ വലയം ഭേദിച്ച രണ്ട് പൊലീസുകാരാണ് പിടിയിലായത്. ഇവരുടെ ഭാര്യമാരെ കൂടാതെ നാലു പേർ കൂടി സവായി മധോപൂർ ജില്ലയിൽ പിടിയിലായി.
Also Read: പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പ്രമുഖ നടൻ ഇടപെട്ട് പിന്‍വലിപ്പിക്കാന്‍ ശ്രമം
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കോൺസ്റ്റബിളിനെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹെഡ് കോൺസ്റ്റബിൾ യദുവീർ സിംഗ്, കോൺസ്റ്റബിൾ ദേവേന്ദർ സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ഭാര്യമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഷ് മീണ, ഉഷ മീണ, മനിഷ മീണ, ദിൽഖുഷ് മീണ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ രണ്ട് പൊലീസുകാരെയും സസ്പെൻഡ് ചെയ്തുകൊണ്ട് പൊലീസ് സൂപ്രണ്ട് രാജേഷ് സിംഗ് ഉത്തരവിറക്കി.
ഏഴ് സർക്കാർ അധ്യാപകർ ഉൾപ്പെടെ 40 പേരാണ് ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായത്. രാജസ്ഥാനിൽ റീറ്റ് പരീക്ഷയിൽ (രാജസ്ഥാൻ എലിജിബിലിറ്റി എക്‌സാമിനേഷൻ ഫോർ ടീച്ചേഴസ്) വ്യാപകമായ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ആറു ജില്ലകളിലായി പരീക്ഷാ ക്രമക്കേടിന് 40 പേരാണ് പിടിയിലായത്. ഇവരിൽ പൊലീസുകാരും സർക്കാർ അധ്യാപകരും ഉൾപ്പെടുന്നു. രാജസ്ഥാനിൽ സർക്കാർ സ്കൂളുകളിൽ അധ്യാപകരായി നിയമനം ലഭിക്കുന്നതിന് റീറ്റ് പരീക്ഷ പാസാകണമെന്നത് നിർബന്ധമാണ്.
31,000 ഒഴിവുകൾക്ക് വേണ്ടി 16 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നതിന് ഹാജരായത്. കോപ്പിയടി പതിവായ ഇത്തരം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പായി രാജസ്ഥാനിൽ ഉടനീളം 12 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ്, എസ് എം എസ് മുതലായ സേവനങ്ങൾ പൊലീസിന്റെ നിർദേശപ്രകാരം മൊബൈൽ ഫോൺ സേവനദാതാക്കൾ നിർത്തി വച്ചിരുന്നു. ബ്ലൂടൂത്ത് ചപ്പലുകൾ ഉപയോഗിച്ചും പരീക്ഷാ തട്ടിപ്പ് നടന്നിരുന്നതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
Post Your Comments