തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബസ് ക്രമീകരണ ചര്‍ച്ചകളാണ് ഇന്ന് നടക്കുക. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമാകും ഇരിക്കാന്‍ അനുവദിക്കുക. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ ബസുകള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി ബസുകള്‍ കൂടി സര്‍വീസ് നടത്തേണ്ടി വരും. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തുന്നത്.
നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെയാകും ക്ലാസുകള്‍ നടത്തുക. ഒക്ടോബര്‍ 20 ഓടെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
Post Your Comments