ബേണ്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലാന്‍ഡ്. ഇതോടൊപ്പം സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യത ഉറപ്പുവരുത്തുമെന്നും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനുള്ള അവകാശം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള നിര്‍ദേശത്തിന് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചു.
ഞായറാഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 64.1 ശതമാനം പേരും സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചതായും ഇതോടെ ലോകത്തെ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന 30-മത്തെ രാജ്യമായി സ്വിറ്റ്‌സര്‍ലാന്‍ഡ് മാറിയതായും സ്വിസ് ഫെഡറല്‍ ചാന്‍സലറി വ്യക്തമാക്കി. പടിഞ്ഞാറന്‍ യൂറോപ്പില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാൻ ബാക്കിയുണ്ടായിരുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡ്.
സ്വവര്‍ഗ വിവാഹം നിയമാനുസൃതമാകുന്നതോടെ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ അടുത്ത വര്‍ഷം ജൂലൈ മുതല്‍ നടത്താനാകുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് നിയമ മന്ത്രി കരിന്‍ കെല്ലര്‍ സറ്റര്‍ വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചത് ‘തുല്യതയിലേക്കുള്ള നാഴികക്കല്ല്’ എന്നായിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ചരിത്രപരമായ തീരുമാനമെടുത്ത ലോകത്തിലെ ആദ്യ രാജ്യം നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു.
Post Your Comments