തിരുവനന്തപുരം: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വിഎം സുധീരനുമായി ചര്‍ച്ച നടത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. ചര്‍ച്ചയില്‍ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും വി.എം. സുധീരന്‍ പറഞ്ഞു. അതേസമയം സുധീരനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് താരീഖ് അന്‍വര്‍ പ്രതികരിച്ചു. സുധീരന്റെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. ഇതിനിടെ അദ്ദേഹം എ.ഐ.സി.സി അംഗത്വവും രാജിവച്ചിരുന്നു. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നും സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നുമാണ് വിഎം സുധീരന്റെ ആരോപണം.
സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. രാജി പിന്‍വലിക്കണമെന്ന് കെ.പി.സി.സിയും ഇന്നലെ സുധീരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സുധീരന്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
Post Your Comments