കണ്ണൂര്‍: സംഘപരിവാര്‍ മനസുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വിഎം സുധീരന്‍ ഒരു തലവേദന തന്നെയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിഎം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത് മാലിന്യമായത് കൊണ്ടാണോയെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. വി.എം സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ?. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകര്‍ച്ചക്കും കാരണം ജനവിരുദ്ധ ആഗോളവല്‍ക്കരണ – സ്വകാര്യവല്‍ക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി.എം സുധീരന്‍.
വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിയന്‍ പാരമ്പര്യം പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാറുമുണ്ട്. സംഘപരിവാര്‍ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി.എം സുധീരന്‍ ഒരു തലവേദന തന്നെയാണ്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമര്‍ശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേര്‍ക്കല്‍ എളുപ്പമല്ല. ‘മാലിന്യങ്ങളായിരിക്കും’ ഇളകിയ അടിത്തറയിലൂടെ ഊര്‍ന്നിറങ്ങി അടിത്തറ തന്നെ ഇല്ലാതാക്കുന്നത്.
Post Your Comments