കൊല്ലം: ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ച യുവാവിന് പിഴ ചുമത്തിയ സംഭവത്തില്‍ എസ്ഐയെ മര്‍ദ്ദിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ അനൂപിനെയാണ് ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്. ഡിവൈഎഫ്ഐ കുന്നത്തൂര്‍ ബ്ലോക്ക് സെക്രട്ടറി സുധീഷ്, സന്തോഷ് വലിയപാടം എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്.
ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് എസ്ഐ പിഴ ചുമത്തിയിരുന്നു. തുടര്‍ന്ന് ചുമത്തിയ പിഴ ഒഴിവാക്കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ വഴങ്ങിയില്ല. ഇതോടെ സംഘം പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കി നില്‍ക്കേ എസ്‌ഐ അനൂപിനെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു. കഴുത്തിന് കുത്തിപ്പിടിച്ചശേഷം പച്ചയ്ക്ക് കൊളുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സംഘം പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.
Post Your Comments