ലണ്ടൻ : ബ്രിട്ടനിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. ഇത്തവണ വില്ലനായി മാറിയിരിക്കുന്നത് ലോറി ഡ്രൈവര്‍മാരുടെ ക്ഷാമമാണ്. വേണ്ടത്ര ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ധനവിതരണം മുടങ്ങിയേക്കും എന്നാണ് കമ്പനികൾ നല്‍കുന്ന മുന്നറിയിപ്പ്.
ജനങ്ങളോട് പെട്രോള്‍ ടാങ്കില്‍ കാല്‍ഭാഗം ഇന്ധനം എങ്കിലും ഇല്ലാതെ കാറുമായി യാത്ര ആരംഭിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. ഇതോടെ വരുന്ന ശൈത്യകാലം ബ്രിട്ടനില്‍ ദുരിതപൂര്‍ണ്ണമായി മാറും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. കുതിച്ചുയരുന്ന ഇന്ധനവില, ഇന്ധന ക്ഷാമം, ഇതിനുപുറമേ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകള്‍ എല്ലാം കൂടി ബ്രിട്ടീഷ് ജനതയ്ക്ക് സമ്മാനിക്കുക വലിയൊരു ദുഃസ്വപ്നം തന്നെ ആയിരിക്കും.
ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം ഇന്ധന വിതരണത്തെ ബാധിച്ചു തുടങ്ങിയതോടെ പല പ്രാദേശിക പെട്രോള്‍ സ്റ്റേഷനുകളും താത്ക്കാലികമായെങ്കിലും അടച്ചുപൂട്ടേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പറഞ്ഞ പെട്രോള്‍ റീടെയ്‌ലേഴ്‌സ് അസ്സൊസിയേഷനും വാഹനമുടമകളോട് യാത്ര തിരിക്കുന്നതിനു മുന്‍പായി പെട്രോള്‍ ടാങ്കില്‍ കാല്‍ഭാഗം പെട്രോള്‍ എങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നാല് ആഴ്ച്ചക്കാലമെങ്കിലും ഈ ക്ഷാമം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 300 റോണ്‍ടെക്-ബി പി സ്റ്റേഷനുകളുടെ ഉടമയായ ജെറാള്‍ഡ് റോണ്‍സണ്‍ പറയുന്നു.
Post Your Comments