
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ച്ച ചെയ്തതാണെന്ന് പൊലീസ് സ്ഥിരീകരണം. മോഷ്ടിച്ച മാലയ്ക്ക് പകരം 72 മുത്തുള്ള മാല ക്ഷേത്രത്തില്‍ പുതിയതായി വച്ചതാണെന്ന് കണ്ടെത്തി. മാലയ്ക്ക് പഴക്കം കുറവാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് മോഷ്ടാവ് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വ്യക്തിയാണെന്ന് പൊലീസ് ഉറപ്പിച്ചത്. തിരുവാഭരണം കാണാതായ സംഭവം പുറത്തുവന്നതിനു പിന്നാലെ പുതിയ മാല രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ദേവസ്വം ബോര്‍ഡ് നടത്തിയ പരിശോധനയിലും മാല മോഷണം പോയതായി കണ്ടെത്തിയിരുന്നു. പൊലീസ് ക്ഷേത്രത്തിലെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് 81 മുത്തുള്ള മാല നഷ്ടപ്പെട്ടതായും ഇപ്പോഴുള്ള മാല പകരംവച്ചതാണെന്നും പഴക്കം കുറവാണെന്നും കണ്ടെത്തിയത്. ക്രമക്കേടില്‍ ആരൊക്കെയുണ്ടെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ മേല്‍ശാന്തിയെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മേല്‍ശാന്തിയെ ഒന്നാംപ്രതിയാക്കിയാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്.
Post Your Comments