മലപ്പുറം: മലപ്പുറത്ത് നിരോധിത ലഹരി വസ്തുക്കള്‍ മറിച്ചു വിറ്റ കേസില്‍ അറസ്റ്റിലായ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്ട്രേറ്റ് ആന്മേരി കുര്യാക്കോസാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യം കോടതി തള്ളിയത്. കഴിഞ്ഞ ദിവസമായിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.
കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ രചീന്ദ്രന്‍ (53), സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി അലക്സാണ്ടര്‍ (49) എന്നിവര്‍ അറസ്റ്റിലായത്. റിമാന്‍ഡിലായ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 21 ന് ആണ് കേസിന് ആസ്പദമായ സംഭവം. 32 ചാക്ക് ഹാന്‍സ് ഉള്‍പ്പെടെ ഉള്ള നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ കോട്ടക്കല്‍ പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാസര്‍, അഷ്റഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന് കേസ് കോടതിയിലെത്തിയതോടെ വിപണിയില്‍ 40 ലക്ഷത്തോളം രൂപ വില മതിക്കുന്ന പുകയില ഉത്പ്പന്നങ്ങള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഇവ പോലീസ് മറിച്ച് വില്‍ക്കുകയായിരുന്നു. ഇടനിലക്കാരന് വഴി നടത്തിയ ഈ ഇടപാടില്‍ 1,20000 രൂപയ്ക്കാണ് പുകയില ഉത്പ്പന്നങ്ങള്‍ മറിച്ച് വിറ്റത് . ഇക്കാര്യമറിഞ്ഞ പുകയില കൊണ്ട് വന്ന കേസിലെ പ്രതികളായ നാസറും അഷ്റഫും ഈ സംഭവം ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസുകാര്‍ പിടിയിലായത്.
Post Your Comments