KottayamLatest NewsKeralaNattuvarthaNews

സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സൗജന്യ ചികിത്സയ്ക്കുള്ള അവാര്‍ഡ്

രണ്ടുകോടി സൗജന്യ ചികിത്സയാണ് രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍ 27.5 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തിലാണ്

തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0 പ്രകാരം കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനാണ് കേരളത്തിന് പുരസ്‌കാരം. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കൂടാതെ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ എബി-പിഎം-ജെഎവൈ-കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ അശ്വതി സ്വന്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പദ്ധതി പ്രകാരം രണ്ടുകോടി സൗജന്യ ചികിത്സയാണ് രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍ 27.5 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തിലാണ്. ശ്രദ്ധേയമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് രൂപം നല്‍കിയിരുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കേരളത്തില്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയിരുന്നത്. കേരളത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താവ് അല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത കൊവിഡ് രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ നിന്നും പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നു. ഈ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button