ന്യൂഡൽഹി: നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ യുഎപിഎ ചുമത്താനാകുമോയെന്ന് എന്‍ഐഎയോട് സുപ്രീംകോടതി. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ബുധനാഴ്ചയായിരുന്നു കോടതി കേസ് പരിഗണിച്ചത്.
മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റിലായ നിയമ വിദ്യാര്‍ത്ഥിയായ അലന് ഷുഹൈബിന് വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് കേരള ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് ശ്രീനിവാസ് ഓഖ, എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Also Read:മാസത്തിലൊരിക്കൽ മാത്രം ജീൻസ് കഴുകൂ, ഭൂമിയെ സംരക്ഷിക്കൂ
ഒരു വ്യക്തിയില്‍ നിന്നും നിരോധിത സാഹിത്യം കണ്ടെടുത്താലോ നിരോധിത സംഘടനയിയില്‍ അംഗത്വം സ്വീകരിച്ചുവെന്ന് കരുതിയോ അവർക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചാലോ ഇവർക്കെതിരെ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ എന്നായിരുന്നു സുപ്രീംകോടതിയുടെ നിർണായക ചോദ്യം. ഒരു വ്യക്തിയുടെ വീട്ടില്‍ കണ്ടെത്തിയ വസ്തുക്കളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് നിങ്ങള്‍ക്ക് അനുമാനിക്കാന്‍ കഴിയുമെന്നാണോ പറയുന്നത് എന്നും കോടതി ചോദിച്ചു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) മായുള്ള ബന്ധം ആരോപിച്ചായിരുന്നു അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തത്.
Also Read:മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
ജമ്മു കശ്മീരിനെ സ്വാതന്ത്ര്യമാക്കുന്നതിനും സായുധ വിപ്ലവത്തിനും പ്രേരിപ്പിക്കുന്ന പുസ്തകത്തിന് ഒപ്പം ധാരാളം ഇലക്ട്രോണിക് തെളിവുകളും പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ഇതിനു മറുപടിയായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. അറിയപ്പെടുന്ന ഒരു ‘സെമിഅണ്ടര്ഗ്രൗണ്ട്’ മാവോയിസ്റ്റ് നേതാവുമായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും ഇദ്ദേഹം കോടതിയോട് വിശദീകരിച്ചു.
അലന്, താഹ എന്നിവരുടെ പ്രായം സംബന്ധിച്ചും കോടതിയിൽ ചർച്ച നടന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുക്കുമ്പോള്‍ കേസെടുക്കുമ്പോള്‍ അലന് ഷുഹൈബിന് 19തും, താഹ ഫസലിന് 23 വയസുമായിരുന്നു പ്രായമെന്ന കോടതിയുടെ ചോദ്യത്തിന് തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎ മറുപടി. തീവ്രവാദത്തിന് പ്രായ പരിധിയില്ലെന്നും നക്സലേറ്റുകളും മാവോയിസ്റ്റുകളും കുശാഗ്ര ബുദ്ധിയുള്ളവരാണ് എന്നുമായിരുന്നു എന്‍ഐഎ വ്യക്തമാക്കിയത്.
Post Your Comments