തൊടുപുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശനവുമായി ഇസ്രയേലില്‍ മരിച്ച നഴ്സ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് രംഗത്ത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന് നടത്തിയത് തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സൗമ്യയുടെ ഭര്‍ത്താവ് പറഞ്ഞു. ഇസ്രയേലില്‍ മരിച്ച സൗമ്യയ്ക്കു ലഭിച്ച ആനുകൂല്യങ്ങള്‍ ഭര്‍ത്താവ് സ്വന്തമായി അനുഭവിക്കുകയാണെന്നും സൗമ്യയുടെ മാതാപിതാക്കള്‍ക്ക് ഒന്നും നല്‍കിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് സൗമ്യയുടെ ഭർത്താവ് വിമർശനവുമായി രംഗത്ത് എത്തിയത്.
‘ഇസ്രയേലില്‍ മരിച്ച സൗമ്യയ്ക്കു ലഭിച്ച ആനുകൂല്യങ്ങള്‍ ഭര്‍ത്താവ് സ്വന്തമായി അനുഭവിക്കുകയാണ്. സൗമ്യയുടെ മാതാപിതാക്കള്‍ക്ക് ഒന്നും നല്‍കിയില്ല. സൗമ്യയെ മതം മാറ്റിയാണ് സന്തോഷ് വിവാഹം കഴിച്ചത്. ഭാര്യയുടെ ചെലവിലാണ് ഭര്‍ത്താവ് ജീവിച്ചിരുന്നത്’, വെള്ളാപ്പള്ളി ആരോപിച്ചു. ഇതിനെതിരെയാണ് സന്തോഷ് പ്രതികരിച്ചത്.
‘താന്‍ ആരെയും നിര്‍ബന്ധിച്ചു മതം മാറ്റിയല്ല വിവാഹം നടത്തിയത്. സൗമ്യയുടെ വീട്ടുകാര്‍ തന്നെ മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്. സൗമ്യയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് അവരിപ്പോള്‍ ജീവിക്കുന്നതും. ഭാര്യയുടെ വിയോഗത്തില്‍ സങ്കടപ്പെട്ടു കഴിയുന്ന തനിക്കും കുടുംബത്തിനെതിരേ വെള്ളാപ്പള്ളി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. വര്‍ഗീയ താത്പര്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങളാണിത്’- സന്തോഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Also: വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി
ഇസ്രയേല്‍- ഹമാസ് യുദ്ധം നടക്കുന്ന വേളയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രയേലില്‍ നഴ്സ് ആയിരുന്ന സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയിലാണ് സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തില്‍ റോക്കറ്റ് പതിച്ച് അപകടം ഉണ്ടായത്.
Post Your Comments