മസ്‌കത്ത്: രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കും കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെക്കുറിച്ച് അധിക്ഷേകരമായ കാര്യങ്ങൾ എഴുതുന്നതും, വ്യക്തികളെക്കുറിച്ച് തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതും, മറ്റുള്ളവരെക്കുറിച്ചോ, സ്ഥാപനങ്ങളെക്കുറിച്ചോ കുറ്റമാരോപിച്ച് കൊണ്ട് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തങ്ങൾക്കുള്ള ശിക്ഷാ നടപടികളെ കുറിച്ചാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 104,101 വാക്‌സിൻ ഡോസുകൾ
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവും, 3000 റിയാൽ പിഴയും ചുമത്താവുന്നതാണെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപകരമായ പ്രവർത്തികളും, അത്തരം സന്ദേശങ്ങളും വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്റെ നടപടി.
മറ്റുള്ളവർക്കെതിരെയോ, സ്ഥാപനങ്ങൾക്കെതിരെയോ ഉള്ള പരാതികൾ ചൂണ്ടിക്കാട്ടുന്നതിനുള്ള ഔദ്യോഗിക ഇടമായി സമൂഹമാദ്ധ്യമങ്ങളെ കണക്കാക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം പ്രവർത്തികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമെന്നും ശരിയായ പരാതികളുടെ സാഹചര്യങ്ങളിൽ പോലും ഔദ്യോഗിക അന്വേഷങ്ങളെ പ്രതികൂലമായി ബാധിക്കാമെന്നുമാണ് പ്രോസിക്യൂഷന്റെ നിരീക്ഷണം.
Post Your Comments