വാഷിംഗ്ടണ്‍ : അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ അതിവേഗം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഹവാന സിന്‍ഡ്രോം ആശങ്കയുയര്‍ത്തുന്നു. ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥനാണ് ഈ അജ്ഞാത രോഗം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് വിവരം.
സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ പലരും അജ്ഞാത രോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ സാരമായി ബാധിച്ചു. വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക, ഛര്‍ദി, തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മപ്രശ്നങ്ങള്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്.
കഴിഞ്ഞ മാസം ഹവാന സിന്‍ഡ്രോം ഭീതിയെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനത്തില്‍ ഏറെ ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഉദ്യോഗസ്ഥരില്‍ നിരന്തരമായി ഹവാന സിന്‍ഡ്രോം കണ്ടു വരുന്നതിനാല്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ച അമേരിക്ക വര്‍ഷാവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സി.ഐ.എ നേതൃത്വം തയ്യാറായിട്ടില്ല. 2016ല്‍ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഈ രോഗം പിടിപെട്ടത്. പിന്നീട് മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉദ്യോഗസ്ഥാരിലും രോഗം കണ്ടു പിടിക്കാന്‍ തുടങ്ങി. രാജ്യത്തെ ഉദ്യോഗസ്ഥരില്‍ ഇതുവരെ ഇത്തരത്തിലുള്ള മുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരം. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ ഹവാന സിന്‍ഡ്രോം ബാധിച്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹവാന സിന്‍ഡ്രം രോഗത്തിന്റെ യഥാര്‍ഥ കാരണമോ ചികിത്സയോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ജോലിയിലേയോ വ്യക്തിജീവിതത്തിലേയോ സമ്മര്‍ദം മൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളാവാം രോഗത്തിന്റെ കാരണം എന്നാണ് മനഃശാസ്ത്രജ്ഞരുടെ വാദം.
Post Your Comments