റിയാദ്: വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസാത്) അണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസികൾ സൗദിയ്ക്ക് പുറത്തുള്ളപ്പോൾ എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്ന് ജവാസാത് വ്യക്തമാക്കിയതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൗദിയിൽ നിന്ന് എക്സിറ്റ് റീ-എൻട്രി വിസകളിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നാണ് ജവാസാത് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മൂന്ന് വർഷത്തേക്കാണ് ഇത്തരക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുക. ആശ്രിത വിസകളിലുള്ളവർക്കും തൊഴിലുടമയിൽ നിന്ന് പുതിയ വിസ നേടിയിട്ടുള്ളവർക്കും ഇതിൽ ഇളവ് ലഭിച്ചേക്കാമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എക്സിറ്റ് റീ-എൻട്രി വിസയുടെ കാലാവധി കണക്കാക്കുന്നത് സൗദിയിൽ നിന്ന് മടങ്ങുന്ന തീയതി മുതലാണ്. നാട്ടിലേക്ക് മടങ്ങിയ ശേഷം തിരികെയെത്താത്ത ഗാർഹിക ജീവനക്കാരുടെ വിവരങ്ങൾ എക്സിറ്റ് റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച് ആറ് മാസത്തിന് ശേഷം ജവാസത്തിന് കീഴിലുള്ള അബ്ഷേർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Post Your Comments