മഞ്ചേരി: പന്തീരാങ്കാവ് യു.എ.പി.എ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അലന് ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. എന്നാല്‍ അലന് ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എയുടെ ഹര്‍ജി. അതേസമയം 2016ൽ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പട്ടിക്കാട് നിന്നും ഇയാളെ ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.
നിരോധിത സംഘടനയുടെ ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തി മഞ്ചേരി സബ് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി ആറുമാസം ഉസ്മാൻ തടവിലായിരുന്നു. പന്തീരാങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലൻ ശുഐബും ഉസ്മാനുമായി സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു പിടിയിലായത്. എന്നാൽ, ഉസ്മാൻ അന്ന് ഓടി രക്ഷപ്പെട്ടു. ഫ്രണ്ട് ഓർഗനൈസേഷൻ പ്രവർത്തകനാണ് ഉസ്മാനെന്ന് പൊലീസ് പറയുന്നു. മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതടക്കം പത്ത് കേസിലെ പ്രതിയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം യു.എ.പി.എ ചുമത്തിയവയാണ്.
Post Your Comments