തൃശൂർ: പാലാ ബിഷപ്പിന്റെ വിവാദമായ ലൗവ് ജിഹാദ്/നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് സുരേഷ് ഗോപി. എന്തിനും ഏതിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ബുദ്ധിയുള്ള സർക്കാർ ആണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സർക്കാർ വേണ്ടത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
‘സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ പറ്റുന്നത് ചെയ്യുന്നുണ്ട്. സർക്കാർ വേണ്ടത് ചെയ്യുന്നുണ്ട്. ബുദ്ധിയുള്ള സർക്കാർ ആണ് ഇവിടെയുള്ളത്. എല്ലാത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല’, സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, പാലാ ബിഷപ്പിന്റെ പരാമർശം കുത്തിപ്പൊക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മന്ത്രി എകെ ബാലൻ കഴിഞ്ഞ ദിവസം ആരോപിച്ചു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ സാഹചര്യം വഷളാക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ കാഴ്ചക്കാരായി നോക്കി നില്ക്കുകയാണ്. ഇത് അങ്ങേയറ്റം ആപൽക്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments