ബെംഗളൂരു: പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ജിതേന്ദ്ര റാത്തോഡിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മിലിട്ടറി ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിതേന്ദ്ര റാത്തോഡിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു വസ്ത്ര നിര്‍മാണശാലയില്‍ ജോലിചെയ്യുകയാണ് ഇയാള്‍. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ക്ക് ഇയാള്‍ ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇയാള്‍ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിട്ടറി സ്റ്റേഷന്‍, സൈനിക വാഹനവ്യൂഹത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇയാള്‍ പാക് ഏജന്‍സികള്‍ക്ക് കൈമാറിയത്. സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനിക യൂണിഫോം അണിഞ്ഞാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments