ThiruvananthapuramErnakulamKeralaLatest NewsNews

ഓണം ബംപര്‍ വാര്‍ത്ത പരന്നതോടെ ടിക്കറ്റ് വിറ്റ മീനാക്ഷി ലോട്ടറീസില്‍ തകര്‍പ്പന്‍ കച്ചവടം

വാട്സ് ആപ്പിലാകട്ടെ ഭാഗ്യശാലികളുടേതെന്ന പേരില്‍ ആഹ്ലാദത്തിന്റെ ഫോട്ടോകള്‍ വരെ പ്രചരിച്ചു

തൃപ്പൂണിത്തുറ: ആദ്യമായി ബംപറടിച്ച സന്തോഷത്തിലാണ് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ്. TE 645465 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഓണം ബംപറിന്റെ 12 കോടി അടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലെ ‘മീനാക്ഷി ലോട്ടറീസ്’ ഏജന്‍സിയില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. ബംപറടിച്ച ഭാഗ്യവാന്‍ എത്തുന്നത് കാണാമെന്ന് കരുതി നിരവധിപേരാണ് കടയിലേക്ക് എത്തുന്നത്.

അഞ്ച് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം കോട്ടയത്താണ്. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകള്‍ ഇവര്‍ക്കുണ്ട്. ആദ്യമായാണ് ഇത്തരമൊരു ബംപര്‍ ഭാഗ്യം കടയിലെത്തുന്നത്. ഏതായാലും ബംപര്‍ ഇവിടെ നിന്നും വിറ്റ ടിക്കറ്റിനാണെന്ന് വാര്‍ത്ത പരന്നതോടെ ലോട്ടറിക്കടയില്‍ വലിയ തിരക്കാണ്. വരുന്നവര്‍ക്കെല്ലാം സന്തോഷ സൂചകമായി ജീവനക്കാര്‍ മധുരം നല്‍കുന്നു. ഭാഗ്യാന്വേഷികള്‍ ഇവിടെ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ തിക്കിത്തിരക്കുകയാണ്. തകര്‍പ്പന്‍ കച്ചവടം. തിരക്ക് റോഡിലേക്കും നീണ്ടതോടെ ഗതാഗതവും തടസപ്പെടുന്ന അവസ്ഥയുണ്ടായി.

ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് തൃപ്പൂണിത്തുറയിലെ കടയില്‍ ഓണം ബംപറിന്റെ 660 ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചതെന്ന് ജീവനക്കാരന്‍ തിരുമലൈ കുമാര്‍ പറയുന്നു. അതിലൊന്നാണ് 12 കോടിയുടെ ഒന്നാം സമ്മാന ടിക്കറ്റ്. ഇതിനിടെ ഭാഗ്യശാലി എന്ന തരത്തില്‍ ചിലരുടെ പേരുകള്‍ പ്രചരിക്കാന്‍ തുടങ്ങി. വാട്സ് ആപ്പിലാകട്ടെ ഭാഗ്യശാലികളുടേതെന്ന പേരില്‍ ആഹ്ലാദത്തിന്റെ ഫോട്ടോകള്‍ വരെ പ്രചരിച്ചു. ഇതിനിടെയാണ് പനമരം സ്വദേശി സെയ്തലവി തനിക്ക് ഓണം ബംപറിന്റെ സമ്മാനതുകയായ 12 കോടി രൂപ അടിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഗള്‍ഫില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് സെയ്തലവി. വാട്സ്ആപ്പ് വഴി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള സെയ്തലവി തിരുവോണം ബംപറും വാട്‌സ്ആപ്പ് വഴിയാണ് എടുത്തത്. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനാണ് ലോട്ടറി ടിക്കറ്റ് അയച്ച് കൊടുത്തത്. പണം ഗൂഗിള്‍ പേയില്‍ അയക്കുകയായിരുന്നുവെന്ന് സെയ്തലവി പ്രതികരിച്ചു. 11ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇപ്പോള്‍ ടിക്കറ്റ് സുഹൃത്തിന്റെ കയ്യിലാണ്. ഉടന്‍ ഇത് വീട്ടുകാര്‍ക്ക് നല്‍കുമെന്നും സെയ്തലവി പറഞ്ഞു. 12 കോടി അടിച്ചതായി ഭര്‍ത്താവ് അറിയിച്ചതായി സെയ്തലവിയുടെ ഭാര്യയും പറഞ്ഞു. എന്തായാലും ഭാഗ്യവാന്‍ ആരെന്നുള്ള പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് മലയാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button