തൊടുപുഴ: കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങും മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി കൃഷ്ണേന്ദു. മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദുവാണ് (24) കോവിഡ് ബാധിച്ച് മരിക്കുംമുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ന്യുമോണിയ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും എത്രയും വേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കില്‍ അപകടമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചതന്നെ ശസ്ത്രക്രിയയിലൂടെ ഒമ്പതുമാസമായ ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുത്തു.
ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഒക്ടോബര്‍ പത്തിനായിരുന്നു കൃഷ്ണേന്ദുവിന്റെ പ്രസവത്തീയതി. ഇതിനിടെ, ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് കോവിഡ് സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് കൃഷ്ണേന്ദു മരിച്ചത്. സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതേയുള്ളൂ. ശനിയാഴ്ച വൈകീട്ട് മുള്ളരിങ്ങാട്ട് സംസ്കാരം നടത്തി.
Post Your Comments