തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൂടുതൽപേരെ പോലീസ് ചോദ്യംചെയ്തു. ഒന്നാംപ്രതി തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), രണ്ടാംപ്രതി വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവിപ്രജിത്ത്(35) എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവർ പണം ഇട്ടുകൊടുത്ത അക്കൗണ്ട് ഉടമകളെയുമാണ് തലയോലപ്പറമ്പ് പോലീസ് ചോദ്യംചെയ്തത്.
അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൃഷ്ണേന്ദു, ഭർത്താവ് അനന്തു ഉണ്ണി (29) എന്നിവരെ ഒരാഴ്ചമുമ്പ് പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എ.വി. റസ്സൽ പറഞ്ഞു. അനന്തുവിന് എതിരേ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ല. കൃഷ്ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗവുമാണ്. സ്ഥാപനത്തിലെ രജിസ്റ്ററും മറ്റും പരിശോധിച്ച് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു.
കൃഷ്ണേന്ദുവും ദേവിപ്രജിത്തും അനന്തു ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫാണെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ജീവനക്കാരായ കൃഷ്ണേന്ദുവും ദേവിപ്രജിത്തും അടച്ചില്ല.ഇങ്ങനെ 19 പേരിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു. ഇതിനായി 55 പണയഉരുപ്പടികളിലാണ് ക്രമക്കേടുനടത്തിയത്.
കൃഷ്ണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരിൽ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വർണം പണയംവെച്ചതായി കൃതൃമരേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സ്ഥാപനം നടത്തിയ ഓഡിറ്റിൽ കണ്ടെത്തുകയായിരുന്നു. ഉടമ തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകൾക്ക് കേടുവരുത്തി. തെളിവുകൾ നശിപ്പിച്ചു. ഉടമ ഉദയംപേരൂർ സ്വദേശി പി.എം. രാഗേഷിന്റെ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തത്.
അതേസമയം, കൃഷ്ണേന്ദുവിന്റെയും അനന്തു ഉണ്ണിയുടെയും തെറ്റായ സാമ്പത്തിക ഇടപാടിനെക്കുറിച്ച് പാർട്ടിക്ക് നാളുകൾക്ക് മുമ്പേ വിവരം ലഭിച്ചിരുന്നു. പാർട്ടി അന്വേഷണത്തിൽ ഇത് വ്യക്തമാകുകയും ചെയ്തു. എന്നാൽ, പോലീസിൽ അറിയിക്കാനോ നിയമനടപടി സ്വീകരിക്കാനോ നേതൃത്വം തയ്യാറായില്ല. അനന്തു ഉണ്ണിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസ് പാർട്ടി നേരിട്ട് ഇടപെട്ടു പരിഹരിച്ചിരുന്നു.
Post Your Comments