മുംബൈ: പ്രമുഖ ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. സോനു സൂദിന്‍റെ മുംബൈയിലെ വസതിയില്‍ മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന പരിശോധനയ്ക്കു ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്. സോനുവും സഹായികളും ചേര്‍ന്ന് നികുതി വെട്ടിച്ചതിന്‍റെ തെളിവുകള്‍ കണ്ടെത്തിയെന്നും അധികൃതര്‍ പ്രസ്‍താവനയില്‍ അറിയിച്ചു.
Also Read: കനത്ത മഴ : റെയില്‍വേ അടിപ്പാതയിലൂടെ കാറോടിച്ച് പോയ വനിതാ ഡോക്ടര്‍ മുങ്ങി മരിച്ചു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് സോനു സൂദ് വന്‍ തട്ടിപ്പ് നടത്തിയത്. വിദേശ വിനിമയ ചട്ടം ലംഘിച്ച് നടത്തിയ ക്രൗഡ് ഫണ്ടിങ് വഴി 19 കോടിയോളം സമ്പാദിച്ചു. ഇതില്‍ 1.9 കോടി രൂപ മാത്രമാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. ബാക്കി പണം സന്നദ്ധ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്നും.
കൊറോണക്കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു. കൂടാതെ വിവിധ പ്രവൃത്തികളുടെ പേരില്‍ 65 കോടിയുടെ വ്യാജ ബില്ല് സൃഷ്ടിച്ചതായും കണ്ടെത്തി. നിര്‍മാണ കമ്പനിയുമായി സംശയാസ്പദമായ 175 കോടിയുടെ ഇടപാട് നടത്തിയതായും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തുടര്‍ച്ചയായ മൂന്ന് ദിവസമാണ് പരിശോധന നടന്നത്. വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പ്പകള്‍ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്തതെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. മുംബൈയിലും ലഖ്‌നൗവിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
Post Your Comments