അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഐഇഡി നിറച്ച ടിഫിന്‍ ബോക്സ് ബോംബ് കണ്ടെത്തിയതോടെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡ്രോണുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ പിടിക്കപ്പെട്ട ഐഎസ്ഐ ബന്ധമുള്ള ഭീകരരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.
അതേസമയം ഓഗസ്റ്റ് അഞ്ചിന് അമൃത്സറില്‍ നിന്ന് അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബോംബ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയിലായിരുന്നു. പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ ലക്ഷ്യത്തോടെ ആള്‍ക്കൂട്ടം കൂടിയ പ്രദേശത്ത് ബോംബ് സ്ഥാപിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. പ്രവീണ്‍ കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ നാലുപേരെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചു.
Post Your Comments