Latest NewsIndiaEntertainmentKollywood

മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ കേസ് കൊടുത്ത് നടൻ വിജയ്

തന്റെ പേരിലോ തന്റെ ഫാൻസ്‌ ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

ചെന്നൈ: മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ സിവിൽ കേസ് നൽകി തമിഴ് നടൻ വിജയ്. അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുൾപ്പടെയുള്ള പതിനൊന്നു പേർ ചേർന്ന് തന്റെ പേരിലോ തന്റെ ഫാൻസ്‌ ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി. 2020 ൽ നടൻ വിജയിന്റെ പേരിൽ അദ്ദേഹത്തിന്റെ പിതാവ് പ്രശസ്ത സംവിധായകൻ എസ്എ ചന്ദ്രശേഖർ ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. എസ്എ ചന്ദ്രശേഖർ തന്റെ മകന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തെ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഇതേത്തുടർന്ന് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചതായി എല്ലാവരും കരുതി. എന്നാൽ, തന്റെ പിതാവ് സ്ഥാപിച്ച അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി. പാർട്ടിയിൽ ചേരരുതെന്ന് വിജയ് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അതേസമയം തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കി. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്നത്. അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button