ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഏഴ് ഭൂഖണ്ഡങ്ങളിലെ 115 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിശുദ്ധജലം രാജ്യത്ത് എത്തിച്ചു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 192 രാജ്യങ്ങളില്‍ നിന്നുളള ജലമായിരിക്കും രാമജന്മ ഭൂമിയില്‍ എത്തിക്കുക. അരുവികള്‍, നദികള്‍, സമുദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജലമാണിത്. ഹൈന്ദവ വിശ്വാസം കൂടാതെ മുസ്ലീം, ബുദ്ധ, ജൂത വിശ്വാസകേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച ജലവും എത്തിക്കുന്നുണ്ട്.
115 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച് രാജ്യത്ത് എത്തിച്ച വിശുദ്ധജലം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ശ്രീരാമനെ രാജാവായി വാഴിക്കുന്ന സമയത്ത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ജലമെത്തിച്ച് അഭിഷേകം നടത്തിയതായി രാമായണത്തില്‍ പറയുന്നുണ്ടെന്ന് ചമ്പത് റായ് സൂചിപ്പിച്ചു. രാമന്റെ പട്ടാഭിഷേകം നടന്ന സമയത്ത് അയോദ്ധ്യയിലെ സപ്തസാഗറില്‍ ലോകത്തെ എല്ലാസ്ഥലങ്ങളില്‍ നിന്നുളള തീര്‍ത്ഥജലവും എത്തിച്ചുവെന്നാണ് വിശ്വസിക്കുന്നത്.
രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ഇത് പുന:സൃഷ്ടിക്കാമെന്ന ആലോചനയിലാണ് ഈ ദൗത്യത്തില്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടമായ അടിത്തറ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത് 1000 വര്‍ഷം നിലനില്‍ക്കുന്നതാണെന്നും ചമ്പത് റായ് കൂട്ടിച്ചേര്‍ത്തു.
Post Your Comments