തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണത്തിൽ വസ്തുതയില്ളെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനുള്ള പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നുണ്ടെന്നും ഇത് കുറക്കാന്‍ തയാറായാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.
‘ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്റെ പകുതി കേന്ദ്രസര്‍ക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലിന്റെയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിന് തന്നെ നല്‍കുന്നതാണ് നല്ലതെന്ന് ജി.എസ്.ടി കൗണ്‍സിലില്‍ കേരളം വാദിച്ചു’- അദ്ദേഹം വ്യക്തമാക്കി.
‘ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. വെള്ളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച ആശങ്കക്കും കഴിഞ്ഞ ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പരിഹാരമായി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments