കൊല്ലം: നേതാക്കളുടെ കാലുതിരുമ്മി സ്ഥാനമാനങ്ങള്‍ നേടിയ ശേഷം അത് നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ മറുകണ്ടം ചാടിയ രതികുമാര്‍ ഭാവിയില്‍ സി.പി.എമ്മിന് ബാധ്യതയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പൊടിയന് വര്‍ഗ്ഗീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍, ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്, യു.ഡി.എഫ് ചെയര്മാന് ബേബി പടിഞ്ഞാറ്റിന്‍കര എന്നിവരുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രതികുമാറിനെതിരെയുള്ള ആരോപണം.
കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി രതികുമാര്‍ സ്വന്തം ബൂത്തില്‍ പോലും സ്വാധീനമില്ലാത്ത വ്യക്തിയാണെന്ന് നേതാക്കള്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റാകാന്‍ മോഹിച്ചെങ്കിലും ഒരു ചര്‍ച്ചയില്‍ പോലും രതികുമാറിന്റെ പേര് ഉയര്‍ന്നു വന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹവും നടന്നില്ലെന്നും അവര്‍ പറഞ്ഞു. കൈപ്പത്തിക്ക് ഒരിക്കല്‍ പോലും വോട്ടു ചെയ്തിട്ടില്ലാത്തയാളാണ് രതികുമാര്‍. കൊടിക്കുന്നില്‍ സുരേഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അവര്‍ പറഞ്ഞു.
Post Your Comments