![](/wp-content/uploads/2021/09/5_800x420-11.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ പൂർത്തിയായി. കോവിഡ് വന്നുപോയതിലൂടെയും വാക്സിന് സ്വീകരിച്ചതിലൂടെയും സമൂഹം കൈവരിച്ച പ്രതിരോധമറിയാന് കേരളം ആരംഭിച്ചതാണ് സിറോ സര്‍വേ പഠനം. 13,875 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജില്ലകളില്‍ നിന്നുള്ള വിവരം ആരോഗ്യ സെക്രട്ടറിയുടെ ഓഫിസില്‍ ക്രോഡീകരിച്ച് ഫലം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും.
Also Read: കാസര്‍ഗോഡ് പനി ബാധിച്ച് കുട്ടി മരിച്ച സംഭവം: നിപ്പ പരിശോധന ഫലം നെഗറ്റീവ്
ഐ.സി.എം.ആര് നേരത്തെ നടത്തിയ സിറോ സര്‍വേ പ്രകാരം കേരളത്തില്‍ 42.07 ശതമാനം പേരില്‍ ആന്റിബോഡി കണ്ടെത്തിയിരുന്നു. നിലവിൽ എല്ലാ ജില്ലകളിലും സിറോ സര്‍വേ നടന്നിരുന്നു. കുട്ടികളിലും സിറോ സര്‍വേ നടത്തി. മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളേയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളിലും സര്‍വേ നടത്തിയത്. സെപ്റ്റംബര്‍ നാലുമുതലാണ് സാമ്ബിള്‍ ശേഖരണം തുടങ്ങിയത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സാമ്ബിളുകള്‍ ശേഖരിച്ചത്. കുറവ് പത്തനംതിട്ടയിലും.
18 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചിനും 17 വയസ്സിനും ഇടയിലുള്ളവര്‍, ആദിവാസികള്‍, തീരദേശവാസികള്‍, ചേരിനിവാസികള്‍ എന്നിവരിലാണ് റാന്‍ഡം പരിശോധന നടത്തിയത്. കുട്ടികളില്‍ ഉള്‍പ്പെടെ ആദ്യമായി ആന്റിബോഡി സാന്നിധ്യം കണ്ടെത്താന്‍ നടത്തിയ പരിശോധനയാണിത്. സ്കൂള്‍ തുറക്കുന്നതിനുള്‍പ്പെടെ സര്‍വേഫലം നിര്‍ണായകമാണ്. ചൊവ്വാഴ്ച പൂര്‍ത്തിയാക്കാനാണ് ആദ്യം നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും, നിപ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലക്ക് ഇളവ് അനുവദിച്ചിരുന്നു. അതിനാലാണ് പഠനം പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസംകൂടി വേണ്ടിവന്നത്.
Post Your Comments