തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പഠിക്കാന്‍ രണ്ട് സര്‍വ്വേകള്‍ നടത്തി. ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ വീണ്ടെടുക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കെതിരേയും സുധാകരന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടതെന്നും ഈ കള്ളനാണയങ്ങള്‍ ചുമക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി അധ്യക്ഷനാകാന്‍ കെ പി അനില്‍കുമാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, ഒരു പൂച്ച പോലും അനില്‍കുമാറിനെ അധ്യക്ഷനാക്കണം എന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ പാലിക്കേണ്ട അച്ചടക്ക നടപടികള്‍ സംബന്ധിച്ച് സുധാകരന്‍ നിര്‍ദേശം നല്‍കി. പാര്‍ട്ടിയെ അനാവശ്യമായി വിമര്‍ശിച്ചാല്‍ ഉടൻ തന്നെ നടപടി ഉണ്ടാകും. അടി മുതല്‍ മുടി വരെ മാറ്റം ഉദ്ദേശിക്കുന്നത് കൊണ്ടാണ് പുനസംഘടന വൈകുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.
Post Your Comments