പാലക്കാട്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം പിറന്നാള്‍. ഇന്നേദിവസം രാജ്യത്തൊട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
ഒരു ദിവസം രണ്ടുകോടി ആളുകള്‍ക്കു വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതു ലോക റെക്കോര്‍ഡായിരിക്കുമെന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു.
ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധ പ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ 40,000 പേര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഡോക്ടേഴ്സ്ഡേ ദിവസം 87 ലക്ഷം പേര്‍ക്കും പിന്നീട് ഒരുകോടി പേര്‍ക്കുമാണ് ഇതിനുമുന്‍പ് ഒറ്റദിവസം കൂടുതല്‍ വാക്സീന്‍ നല്‍കിയത്. കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം മുതല്‍ പാര്‍ട്ടിപ്രവര്‍ത്തകരും സേവാഭാരതിയും ഉള്‍പ്പെടെ സജീവമായി രംഗത്തുണ്ട്. എല്ലായിടത്തും ആവശ്യത്തിലധികം വാക്സീന്‍ കഴിഞ്ഞദിവസം എത്തിച്ചതായി പാര്‍ട്ടി നേതൃത്വം പറയുന്നു. ഒരു വാര്‍ഡില്‍ കുറഞ്ഞത് 50 പേരെയെങ്കിലും വാക്സീന്‍ എടുപ്പിക്കുകയാണു ലക്ഷ്യം.
അതേസമയം സോഷ്യൽ മീഡിയയിൽ എങ്ങും മോദിയുടെ ചിത്രങ്ങളും ജന്മദിനാശംസാ സന്ദേശങ്ങളുമാണ്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നത്. റേഷൻ കിറ്റുകൾക്ക് പുറത്ത് ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും. ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകളും അയക്കും.
രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, റേഷൻ കാർഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെ നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനം അവിസ്മരണീയമാക്കാനാണ് ബിജെപി തയാറെടുക്കുന്നത്.’സേവ ഔർ സമര്‍പ്പണ്‍ അഭിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിന് പ്രധാനമന്ത്രിയുടെ ജന്മദിനമായ വെള്ളിയാഴ്ച (സെപ്റ്റംബർ 17) തുടക്കമാകും. ഒക്ടോബർ 7 വരെയാകും വിവിധ പരിപാടികൾ സംഘടിപ്പിക്കുക.
ക്യാംപയിന്റെ ഭാഗമായി ഉത്തർപ്രദേശിൽ മാത്രം 27,000 കേന്ദ്രങ്ങളിൽ പരിപാടികൾ നടക്കും.ശക്തവും പ്രതീക്ഷാ നിർഭരവുമായ പ്രസംഗങ്ങളാൽ യുവജനങ്ങൾക്ക് പ്രചോദനമേകാൻ പ്രധാനമന്ത്രിക്ക് കഴിയുന്നു. സാധാരണക്കാർക്ക് തങ്ങളുടെ ലക്ഷ്യങ്ങളോട് നടന്നടുക്കാൻ ശുഭ പ്രതീക്ഷ നൽകുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ.
ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ചില ചിന്താദായകമായ വാക്കുകൾ ഓർമിക്കാം:
*ഗണിതശാസ്ത്ര ചിന്തകൾ കൊണ്ട് അർത്ഥമാക്കുന്നത് കുട്ടികൾ ഗണിതശാസ്ത്രപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് മാത്രമല്ല, ഇത് ഒരു ചിന്താ രീതി കൂടിയാണ്.
*മാതാപിതാക്കൾ തങ്ങളുടെ കുട്ടിയുടെ നേട്ടങ്ങൾ സാമൂഹിക അന്തസ്സിന്റെ വിഷയമാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഓരോ കുട്ടിയും അതുല്യമായ കഴിവുകളാൽ അനുഗ്രഹീതരാണ്.
* കഠിനാധ്വാനം ഒരിക്കലും ക്ഷീണമുണ്ടാക്കില്ല. അത് സംതൃപ്തി നൽകുന്നു.
*പ്രകൃതിയെ ഒരിക്കലും ഭയപ്പെടേണ്ടതില്ല, കാരണം പ്രകൃതിയോട് ഏറ്റുമുട്ടുന്നുവെന്ന് നമ്മൾ ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങളും ആരംഭിക്കുന്നത്.
* ശുചിത്വത്തിന്റെ കാര്യത്തിൽ മഹാത്മാ ഗാന്ധി ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. നമ്മൾ അദ്ദേഹത്തിന് ശുചിത്വ ഭാരതം നൽകണം.
*ഒരു പാവപ്പെട്ടവന്റെ മകൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി.
* രാജ്യത്തെ 125 കോടി ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിച്ചാൽ ഇന്ത്യ 125 കോടി പടവുകൾ മുന്നോട്ടുപോകും.
*നിങ്ങൾ ഏത് തൊഴിലിലാണെങ്കിലും, നിങ്ങളുടെ തൊഴിലിൽ കാര്യക്ഷമത കൊണ്ടുവരേണ്ടതുണ്ടെങ്കിൽ മാനസികവും ശാരീരികവുമായ ഫിറ്റ്നസ് പ്രധാനമാണ്. ഫിറ്റ്നസ് ഉള്ളത് ആരാണോ, അവരാണ് ആകാശത്തെ സ്പർശിക്കുന്നത്. ശരീരം ആരോഗ്യമുള്ളതാണെങ്കിൽ, മനസും അങ്ങനെ തന്നെയാകും.
*ഒരിക്കലും ഒരു വ്യക്തിയെക്കുറിച്ചല്ല, ഇത് എല്ലായ്പ്പോഴും ഒരു രാഷ്ട്രത്തെക്കുറിച്ചാണ്.
* രാജ്യത്തെ യുവജനത എന്നാൽ പുതിയ വോട്ടർമാർ മാത്രമല്ല, പുതിയ കാലത്തെ ശക്തിയും കൂടിയാണ്.
Post Your Comments