കടുത്തുരുത്തി: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്‌നമ്മയാണ് (57) ഭര്‍ത്താവ് ചന്ദ്രന്റെ കുത്തേറ്റു മരിച്ചത്. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ചന്ദ്രനെ(69) വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയാംകുടി നാലുസെന്റ് കോളനിയിലെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് സംഭവം. ചന്ദ്രനും ഭാര്യ രത്‌നമ്മയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് വഴക്കുണ്ടായി.
വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ അരുണിമ ഇരുവരെയും സമാധാനിപ്പിച്ച ശേഷം സമീപത്തുള്ള വീട്ടിലേക്കു പോയ സമയം ചന്ദ്രന്‍ മുറി പൂട്ടിയ ശേഷം ഭാര്യ രത്‌നമ്മയെ കത്തി ഉപയോഗിച്ച് പല തവണ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുത്തേറ്റ് രത്‌നമ്മ നിലവിളിച്ചതോടെ ഓടിയെത്തിയ അരുണിമ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും മുറി പൂട്ടിയിരുന്നതിനാല്‍ ഉള്ളിലേക്കു കടക്കാനായില്ല.
തുടര്‍ന്ന് പൊലീസ് സംഘമാണ് രത്‌നമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രത്‌നമ്മ മരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വിഷം കഴിച്ച് അബോധാവസ്ഥയിലായ ചന്ദ്രനെ ആദ്യം മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രന്റെ നില ഗുരുതരമാണ്.
Post Your Comments