കൊല്ലം: ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നു. പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
ഭീഷണിക്കത്ത് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പൊലീസിന് കൈമാറി. ത്രിവിക്രമന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. കത്തെഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കേസിന്‍റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിക്കുന്നത്. കേസിന്‍റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Post Your Comments