കാബൂള്‍: അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത് ഒരു മാസം പിന്നിട്ടതോടെ താലിബാനകത്തെ മിതവാദികളും തീവ്രവാദികളും തമ്മില്‍ പോര് മുറുകിക്കഴിഞ്ഞതായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്റെ പഴയ നേതാക്കളില്‍ പ്രമുഖനും, ഖത്തറില്‍ അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങളില്‍ താലിബാനെ പ്രതിനിധീകരിച്ച വ്യക്തിയുമായ മുല്ല ബരാദാര്‍, തീവ്രവാദി ഗ്രൂപ്പായ ഹഖാനി നെറ്റ്വര്‍ക്കിന്റെ തലവനും എഫ് ഐ ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്ളയാളുമായ ഖലീല്‍ ഹഖാനിയുമായി പോരു തുടങ്ങിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
അഭ്യന്തരകലഹത്തില്‍ അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ റെഫ്യുജി മന്ത്രിയായ ഹഖാനി ഉപ പ്രധാനമന്ത്രിയായ ബരാദാറിനു മേല്‍ വിജയം കൈവരിച്ചിരിക്കുന്നു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബരാദാര്‍ ഇപ്പോള്‍ ഒളിവിലാണെന്നും പറയപെടുന്നു. യുദ്ധത്തില്‍ വെടിയേറ്റ് ബരാദാര്‍ കൊല്ലപ്പെട്ടു എന്നൊരു വാര്‍ത്ത പുറത്തുവന്നെങ്കിലും താലിബാന്‍ വൃത്തങ്ങള്‍ അത് നിഷേധിച്ചിട്ടുണ്ട്.
ഇതോടൊപ്പം പുതിയ സര്‍ക്കാരിലെ എമിറും, ബരാദാറിന്റെ ഉറ്റ സുഹൃത്തുമായ താലിബാന്റെ സമുന്നതനായ നേതാവ് ഹൈബത്തുള്ള ക്ഖുന്‍ഡസ്ഡയെ കുറിച്ചും വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നു. ഇരുവരും കാണ്ഡഹാറിലുണ്ടെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ഏതായാലും ബരാദാറും ഹഖാനിയും തമ്മിലുള്ള തര്‍ക്കം മൂത്ത് താലിബാന്‍ ഒരു പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments