തൃശൂര്‍: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തില്‍ സുരേഷ് ഗോപി എം.പിക്കെതിരെ ഡി.ജി.പിക്ക് പരാതി. കെ.എസ്. യുവാണ് പരാതി നല്‍കിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു പരാതിയില്‍ ആവശ്യപ്പെട്ടു.
ഇന്നലെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഒല്ലൂര്‍ എസ്.ഐയെയാണ് നടനും എം.പിയുമായ സുരേഷ് ഗോപി വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചത്. ചുഴലിക്കാറ്റില്‍ നാശം സംഭവിച്ച പുത്തൂരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവം. തന്നെ കണ്ടിട്ടും എസ്.ഐ ജീപ്പില്‍നിന്ന് ഇറങ്ങാത്തതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചതത്രെ. എന്നാൽ എസ്ഐയെ വിളിച്ചിട്ടും അദ്ദേഹം വരാൻ കൂട്ടാക്കാതെ നിന്നതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചതെന്നും വിഡിയോയിൽ വ്യക്തമാണ്.
എം.പിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ ഒരുക്കാനാണ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. എം.പി എത്തി കാത്തു നിന്നിട്ടും വരാതെ ജീപ്പിലിരുന്ന എസ്.ഐയെ അദ്ദേഹം വിളിച്ചുവരുത്തി ‘ഞാന്‍ മേയറല്ല, രാജ്യസഭാംഗമാണ്’ എന്ന് ഓര്‍മിപ്പിക്കുകയും ‘ഒരു സല്യൂട്ടൊക്കെ ആകാ’മെന്ന് പറയുകയുമായിരുന്നു. എസ്.ഐ സല്യൂട്ട് നല്‍കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി.
എന്നാല്‍, സല്യൂട്ട് ചെയ്യേണ്ടെന്ന് പൊലീസ് അസോസിയേഷന് തീരുമാനിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ രാജ്യസഭ ചെയര്‍മാനെ അറിയിച്ച് അവിടെ നിന്നാണ് തങ്ങളെ അറിയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ ഒരു നോട്ടീസോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗംതന്നെ തന്റെ പ്രവര്‍ത്തനങ്ങളെ ഉന്നംവെച്ചാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ മാന്യമായാണ് പെരുമാറിയതെന്നും എസ്.ഐയെ ‘സര്’ എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments