കൊച്ചി: ഗായിക സയനോരയുടെ ഡാന്‍സ് വീഡിയോ കണ്ട് സദാചാര വാദികള്‍ക്ക് ദഹിച്ചില്ല. പിന്നെ ഉണ്ടായത് സൈബര്‍ ആക്രമണങ്ങളുടെ ഘോഷയാത്രയായിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലും എഫ്ബിയിലും സയനോര പോസ്റ്റ് ചെയ്തത്. ഡാന്‍സ് വീഡിയോയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് പലരെയും പ്രകോപിപ്പിച്ചത്. ചിലര്‍ സയനോരയെ പിന്തുണച്ചും എത്തിയതോടെ വാക്പോര് തുടരുകയാണ്. ഷോര്‍ട്സ് ധരിച്ചുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് സയനോരയും ഗോളടിച്ചു. വനിതാ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തു.
ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നും സയനോര പറഞ്ഞു.
അത്തരം കമന്റുകള്‍ കേട്ടതില്‍ ഒരു വിഷമവും ഇല്ലെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് താന്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് അതെന്നും സയനോര പറയുന്നു.’ ഞാന്‍ വീട്ടില്‍ ഉപയോഗിക്കുന്ന വസ്ത്രമാണത്. അതിപ്പോള്‍ ആളുകള്‍ കണ്ടു, എന്റെ കാല് കണ്ടു എന്നെ അതൊന്നും ബാധിക്കുന്ന കാര്യമല്ല. എന്റെ കാലുകള്‍ ഒരാള്‍ കണ്ടതു കൊണ്ട് എന്താണ് കുഴപ്പം എന്നാണ് ഞാന്‍ ചോദിക്കുന്നത്.
‘ഒരു അമ്മയാണ് നീ…ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം. എനിക്ക് കുറേപ്പേര്‍ പേഴ്‌സണല്‍ മെസേജായും ഈ ഉപദേശം തന്നു. അതെന്താണ് അമ്മമാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തത് ? എന്തുകൊണ്ട് ? അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ? ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാള്‍ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്’
‘നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്തു സംസാരിക്കും എന്നോര്‍ത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാന്‍ ഇനി എനിക്കു പറ്റില്ല. എനിക്കും നേരത്തെ സ്ലീവ് ലെസ് ഒക്കെയിടാന്‍ പേടിയായിരുന്നു. അയ്യേ…ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്റെ കൈ നല്ല തടിച്ചിട്ടല്ലേ…എന്നൊക്കെ. ഞാന്‍ ആ ചിന്തകളില്‍ നിന്നു പതിയെപ്പതിയെ പുറത്തു വന്നു,’ സയനോര പറയുന്നു.
‘ ഞാന്‍ എന്റെ ശരീരത്തെ ഇപ്പോഴാണ് സ്‌നേഹിക്കാന്‍ തുടങ്ങിയത്. അതൊരു വലിയ സത്യമാണ്. ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെ അളവുകോലുകളില്ലാതെ വളരെ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ പറ്റുക എന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാനതാണ് ഇപ്പോള്‍ ചെയ്യുന്നത്’ – സയനോര പറഞ്ഞു.
‘ നമ്മള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് എന്തു പഠിക്കുന്നു എന്നതാണ് പ്രധാനം. സ്വയം തിരുത്താന്‍ ശ്രമിക്കുക. മാതൃത്വത്തില്‍ മാത്രം ഞാന്‍ എന്നെ ഒതുക്കി നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ എന്റെ മോളോട് ഞാന്‍ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. വീഡിയോയുടെ അടിയില്‍ കമന്റുകള്‍ വന്നതൊക്കെ ഞാന്‍ മോളോട് പറഞ്ഞു’ -സയനോര വ്യക്തമാക്കി.
Post Your Comments