തൊടുപുഴ: നിറം ചേര്‍ത്ത ഏലക്കയുടെ വിപണനം തടയാനൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്. ഓപറേഷന് ഇലൈച്ചിയുടെ സഹായത്തിലാകും പ്രവർത്തനം. സ്പൈസസ് ബോര്‍ഡുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഉണക്ക ഏലക്കയുടെ നിറം മുന്തിയ ഇനം ഏലക്കയുടേതിന് സമാനമായി പച്ചനിറത്തില്‍ കാണുമെന്നതാണ് നിറം ചേര്‍ക്കലിന്റെ ഗുണം. നല്ലവണ്ണം ഉണങ്ങിയ ഏലത്തിന് നല്ല പച്ചനിറവും വലുപ്പവും ഉണ്ടെങ്കില്‍ ഉയര്‍ന്ന വില ലേലത്തില്‍ ലഭിക്കും. ഇതിനുവേണ്ടിയാണ് നിറം ചേര്‍ക്കുന്നത്.
Also Read: ഒരു കോടിയോളം രൂപ കുടിശിക വരുത്തി: മെഡിക്കല്‍ കോളേജിലെ കാന്റീന് കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം
നിറം ചേര്‍ക്കലിനെതിരെ കര്‍ഷകര്‍ക്ക് മുന്നറിയിപ്പും ബോധവത്കരണവും നല്‍കുന്നുണ്ടെങ്കിലും കൂടുതല്‍ വില ലഭിക്കാന്‍ കൃത്രിമ മാര്‍ഗം തേടുന്നവരുണ്ടെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഏലക്ക സംസ്കരണം നടക്കുന്നത് ഇടുക്കി ജില്ലയിലാണ്. ഇവിടെനിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും പോകുന്നത്.
നേരത്തേ നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ നിറം ചേര്‍ത്ത് നാട്ടിലെ മാര്ക്കറ്റുകളില്തന്നെ ഏലക്ക വില്‍പനക്കെത്തുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വലിയ ശേഖരം ജില്ലയില്‍നിന്ന് പിടികൂടിയിരുന്നു. കളറും വാഷും അനധികൃതമായി ചേര്‍ക്കുന്നതും കണ്ടെത്തി. മൂന്ന്സ്ഥാപനം പൂട്ടിക്കുകയും ഒരു സ്ഥാപനത്തില്‍നിന്ന് ഒരുലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
Post Your Comments