ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷകസമരത്തിനെതിരായി ദേശീയ മനുഷ്യാവകാശ കമീഷന് കേന്ദ്രത്തിനും നാലു സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു. വ്യവസായ- ഗതാഗത മേഖലകള്‍ക്ക് കര്‍ഷക സമരമുണ്ടാക്കുന്ന പ്രത്യാഘാതം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രത്തോടും യു.പി, രാജസ്ഥാന്, ഡല്‍ഹി, ഹരിയാന സര്‍ക്കാറുകളോടും കമീഷന് ആവശ്യപ്പെട്ടത്. സമരം ജനജീവിതത്തെയും ഉപജീവന മാര്‍ഗങ്ങളെയും പ്രായമായവരിലുണ്ടാക്കിയ പ്രത്യാഘാതത്തേയും പറ്റി പഠിക്കാന്‍ ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിനെയും ചുമതലപ്പെടുത്തി.
9000ത്തോളം ചെറുകിട, ഇടത്തരം, വലിയ കമ്പനികളെ കര്‍ഷകസമരം ഗുരുതരമായി ബാധിക്കുന്നതായി ആരോപണമുണ്ടെന്ന് കമീഷന് നോട്ടീസില്‍ വ്യക്തമാക്കി.മനുഷ്യാവകാശ പ്രവര്‍ത്തക സമരസ്ഥലത്ത് ലൈംഗികാതിക്രമത്തിനിരയായെന്ന ആരോപണത്തില്‍ ജില്ല മജിസ്ട്രേറ്റില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഒക്ടോബര്‍ 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന് നിര്‍ദേശിച്ചു. കേന്ദ്രം കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ഇടനിലക്കാർ സമരം തുടങ്ങിയത്.
സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാർ ഉന്നയിക്കുന്ന ഏതാണ്ടെല്ലാ ആരോപണങ്ങള്‍ക്കും വിശദീകരണം തേടിയാണ് ജസ്റ്റിസ് അരുണ്‍കുമാര്‍ മിശ്ര അധ്യക്ഷനായ കമീഷന് നോട്ടീസ് അയച്ചത്. സമരം വ്യവസായ വാണിജ്യമേഖലയിലുണ്ടാക്കിയ പ്രത്യാഘാതം, ഗതാഗതമടക്കം, ഉപഭോക്താക്കള്‍ക്കുണ്ടാക്കിയ അധിക ചെലവ്, ബുദ്ധിമുട്ടുകള്‍ എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിനെ (െഎ.ഇ.ജി) കമീഷന് ചുമതലപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Post Your Comments