അഫ്ഗാൻ: സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാൻ. പുതിയ ചട്ടം നിലവിലെ വരികയാണെങ്കിൽ, സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും മീഡിയ കമ്പനികളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാകില്ലെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ അറിയിപ്പ്. സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാമൂഹിക പരിസരം ഒരുക്കണമെന്ന് ലോകരാജ്യങ്ങൾ പറഞ്ഞിട്ടും താലിബാൻ അത് മുഖവിലയ്ക്കെടുത്തില്ല. ഇസ്ലാമിക് നിയമത്തിന്റെ പൂര്‍ണരൂപം അഫ്ഗാനിൽ നടപ്പിലാക്കാണ് താലിബാന്റെ നീക്കമെന്ന് ഇതോടെ വ്യക്തമാവുകയാണ്. താലിബാന്റെ മുതിര്‍ന്ന നേതാവായ വഹീദുല്ല ഹാഷിമി തന്നെയാണ് ഇക്കാര്യം റോയിട്ടേഴ്‌സിനെ അറിയിച്ചത്.
ശരീഅത്ത് നിയമം അനുശാസിക്കുന്നത് പ്രകാരം സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനും കഴിയുമെന്ന് താലിബാന്‍ നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ നിയന്ത്രണങ്ങള്‍ക്കകത്ത് നിന്ന് കൊണ്ട് സ്ത്രീകള്‍ക്ക് എങ്ങനെ ജോലി ചെയ്യാൻ കഴിയുമെന്നതാണ് ചോദ്യമായി അവശേഷിക്കുന്നത്. 1996-2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത്, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹം വളരെയേറെ ഉറ്റുനോക്കുന്ന ഒരു പ്രശ്‌നമാണ് ഇത്.
“അഫ്ഗാനിസ്ഥാനില്‍ ശരീഅത്ത് നിയമം നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ഏകദേശം 40 വര്‍ഷത്തോളം പോരാടേണ്ടി വന്നു. പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ചു കൂടാനോ ഒരു മേല്‍ക്കൂരയ്ക്ക് താഴെ ഇരിക്കാനോ ഈ നിയമം അനുവദിക്കുന്നില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. ഞങ്ങളുടെ ഓഫീസുകളിലേക്ക് വരാനോ, ഞങ്ങളുടെ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യാനോ അവര്‍ക്ക് അനുവാദമില്ലെന്ന്’ താലിബാന്റെ മുതിർന്ന നേതാവ് ഹാഷിമി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments