ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗതമേറിയ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്നതിന് രാജ്യത്തിന്റെ മൂന്നിടങ്ങളില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ, കാണ്‍പൂര്‍, ഝാന്‍സി എന്നിവിടങ്ങളിലാണ് 300 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക. നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതോടെ 15,000ത്തോളം ആളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100ലധികം ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. മിസൈല്‍ നിര്‍മ്മാണത്തിനു പുറമേ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും ഈ യൂണിറ്റുകളില്‍ നടക്കും.
ലക്‌നൗവില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ ബ്രഹ്മോസ് എയറോസ്പേസ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായി ബ്രഹ്മോസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ കെ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാനാവുന്നതാണ്.
Post Your Comments