തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയായ നർക്കോട്ടിക് ജിഹാദിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. ഒസാമ ബിൻ ലാദൻ ഇസ്ലാമായത് കൊണ്ടോ സന്തോഷ് മാധവനും ഗോവിന്ദ ചാമിയും ഹിന്ദുവായതുകൊണ്ടോ സവർക്കറും ജിന്നയും നിരീശ്വരവാദികളായതു കൊണ്ടോ കുഞ്ഞിൻ്റെ ഫാദർ റോബിനും പീഡന തറയിൽ നഗ്നനായ ഫ്രാങ്കോയും ക്രിസ്തുമത വിശ്വാസിയായതുകൊണ്ടോ അവരവരുടെ കുറ്റകൃത്യങ്ങളിൽ അവരുടെ കമ്മ്യൂണിറ്റിക്ക് ഒരുത്തരവാദിത്തവുമില്ലേയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചു. തെരുവിലന്നം തേടിയിറങ്ങുന്ന പാവം വിശ്വാസികളെ വർഗ്ഗീയ വിഷം തീണ്ടി കുരുതിക്ക് കൊടുക്കരുതെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
Read Also: വർഗീയ സംഘടനകൾ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നു: മുഖ്യമന്ത്രി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മയക്കുമരുന്ന് രാജാവിന് അഥവാ ഡ്രഗ് ലോർഡിന് ഒരു ദേവാലയമുണ്ടങ്കിൽ അത് മെക്സിക്കോയിലാണ്. നസാറിയോ മോറെനോ ഗാൺസാലസ് എന്ന വിശുദ്ധപാപിയുടെ ദേവാലയം. ലാ ഫാമിലിയ, നൈറ്റ്സ് ടെമ്പ്ളർ എന്നീ വമ്പൻ ഡ്രഗ് കാർട്ടലുകളുടെ തലവൻ. കൊക്കയിൻ കച്ചവടത്തിൻ്റെ തിരുമേനി. എന്നിട്ടും നർക്കോട്ടിക് കുരിശ് യുദ്ധമെന്ന് ചരിത്രം വിളിക്കാഞ്ഞത് ഇത്രമേൽ വിഷം തീണ്ടാത്തതുകൊണ്ടായിരുന്നു. ഒസാമ ബിൻ ലാദൻ ഇസ്ലാമായത് കൊണ്ടോ സന്തോഷ് മാധവനും ഗോവിന്ദ ചാമിയും ഹിന്ദുവായതുകൊണ്ടോ സവർക്കറും ജിന്നയും നിരീശ്വരവാദികളായതു കൊണ്ടോ കുഞ്ഞിൻ്റെ ഫാദർ റോബിനും പീഡന തറയിൽ നഗ്നനായ ഫ്രാങ്കോയും ക്രിസ്തുമത വിശ്വാസിയായതുകൊണ്ടോ അവരവരുടെ കുറ്റകൃത്യങ്ങളിൽ അവരുടെ കമ്മ്യൂണിറ്റിക്ക് ഒരുത്തരവാദിത്തവുമില്ല. വീഞ്ഞിൻ്റെ പിടുത്തം വിട്ട് എല്ലിനിടയിൽ കുത്തിയ കൊഴുപ്പടിയുമ്പോൾ ആ പിതാവിനോട് ആരെങ്കിലും ചെന്ന് പറഞ്ഞു കൊടുക്കണം. അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ടന്ന്.
എസ്ക്കോബാറിൽ തുടങ്ങി അബ്ദുൾഗനിയടക്കം വരദരാജ മുതലിയാർ വരെ, സർവ്വ മത വ്യാപിയാണ് നർക്കോട്ടിക് ബിസിനസ്സ് എന്ന്. തെരുവിലന്നം തേടിയിറങ്ങുന്ന പാവം വിശ്വാസികളെ വർഗ്ഗീയ വിഷം തീണ്ടി കുരുതിക്ക് കൊടുക്കരുത് എന്ന്. എല്ലാ വർഗ്ഗീയ കലാപങ്ങളിലേയും 99 ശതമാനം രക്തസാക്ഷികളും ദരിദ്രരോ അതി ദരിദ്രരോ ആയ വിശ്വാസികളാണ് എന്ന്. രക്ഷിക്കേണ്ടത് വിശ്വാസമല്ല, ചിന്തിച്ചുറച്ച തിരിച്ചറിവാണ്.
Post Your Comments