ന്യൂഡല്‍ഹി: ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുണ്‍കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തില്‍ ഭിന്നിപ്പിണ്ടാക്കുന്നതരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു.
സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് ഹേതുവായെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്‍മാന്‍ എം ജഗ്ദീഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
അരുണ്‍കുമാറിന്റെ കുറിപ്പിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരായ പരാതികള്‍ യുജിസിക്ക് മുന്നിലെത്തിയത്. പരാതിയിലെ പരാമര്‍ശങ്ങള്‍ ജോയിന്റ് സെക്രട്ടറി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് യുജിസി ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments