തിരുവനന്തപുരം : ഹരിത വിവാദത്തില്‍ മുന്‍ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട പാര്‍ട്ടി നടപടിയെ ന്യായീകരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടത്. പാര്‍ട്ടിക്ക് പുറത്തേക്ക് പ്രശ്നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത് എന്നും പി.കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
2007 ൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ശിഹാബ് തങ്ങളെ കാണാൻ ചെന്നപ്പോൾ തങ്ങൾ പറഞ്ഞു “കോളേജുകളിൽ ഇപ്പോളധികവും പഠിക്കാൻ വരുന്നത് പെൺകുട്ടികളാണ്. അവർക്കും പ്രവർത്തിക്കാൻ അവരുടേതായ ഒരിടം ഉണ്ടാക്കാവുന്നതാണ്.” സമാനമായ നിർദ്ദേശം പാർട്ടിയുടെ മൂർച്ചയേറിയ തൂലികയായിരുന്ന പ്രിയപ്പെട്ട റഹീം മേച്ചേരിയും മുമ്പ് പങ്കുവച്ചിരുന്നു. അന്ന് ഞാൻ കോഴിക്കോട് ജില്ലാ പ്രസിഡന്റാണെന്നാണ് എന്റെ ഓർമ്മ. അത്തരം നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് 2011 ൽ ഹരിത സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകുന്നത്. മുസ്‌ലിം ലീഗ് പാർട്ടിയുടെ വളർച്ചയുടെ ഭാഗമായാണ് ഓരോ ഉപഘടകങ്ങളും രൂപം കൊണ്ടിട്ടുള്ളതെന്ന് അതിന്റെ വളർച്ചാ ചരിത്രം വായിക്കുന്ന ഓരോരുത്തർക്കും മനസ്സിലാവും.
Read Also : മൃതദേഹം മാറുക, മരിക്കാത്ത കൊവിഡ് രോഗി മരിക്കുക: വണ്ടാനം മെഡിക്കല്‍കോളേജില്‍ വീഴ്ചകള്‍ തുടര്‍ക്കഥ
ഒരുകാലത്ത് പല കാരണങ്ങൾ കൊണ്ടും വിദ്യഭ്യാസത്തോടു മുഖം തിരിഞ്ഞു നിന്നിരുന്ന പെൺകുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനും അവർക്ക് വിദ്യാഭാസം നൽകാനും വലിയ പങ്ക് വഹിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്. സമുദായ സംഘടനകളും അതിനോടൊപ്പം നിലയുറപ്പിച്ചു. അതിന്റെ തെളിവാണ് അത്തരം സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്നങ്ങളെ കുട്ടികൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ എന്ന നിലക്കാണ് പാർട്ടി കണ്ടത്. പാർട്ടിക്ക് പുറത്തേക്ക് പ്രശ്നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂർവ്വം ചർച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്.
നിരന്തരമായ ചർച്ചകൾക്കൊടുവിൽ പാർട്ടി നേതൃത്വം ഒരു തീരുമാനമെടുത്തു. ആ തീരുമാനം അംഗീകരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്. ഇവിടെ കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ എടുത്ത തീരുമാനം എന്ന നിലക്ക് അതിനെ കാണുകയും ഉൾക്കൊണ്ട് പോവുകയും ചെയ്യുക എന്നത് ഏറ്റവും ശരിയായ നിലപാടാണ്. അതിന് മറ്റ് മാനങ്ങൾ നൽകി ചർച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ല.
ഹരിതക്ക് ഒരു പുതിയ സംസ്ഥാന ഭാരവാഹികളെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. നടപടിക്ക് വിധേയരായവർ പിതൃതുല്യരായ പാർട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാൽ മതി. രാഷ്ട്രീയ എതിരാളികൾ പലതും പറയും. അവർ ഗുണകാംക്ഷികളാണെന്ന് തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങൾക്ക് വാർത്തകളോട് മാത്രമാണ് താൽപ്പര്യവും എന്ന് മനസ്സിലാക്കണം. അക്കൂട്ടത്തിൽ ലീഗിനെ താലിബാനോട് പോലും ഉപമിക്കുന്നവരുടെ അജണ്ടയും കാണാതെ പോവരുത്.
നമുക്ക് ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാനുണ്ട്. പിന്നിട്ട വഴികൾ കഠിനമേറിയതാണെങ്കിൽ അതിനേക്കാൻ പ്രയാസകരമായ സാഹചര്യത്തിലാണ് നമ്മൾ നിലകൊള്ളുന്നത്. മുസ്‌ലിം ലീഗ് പാർട്ടിയുടെ മഹത്തായ ആശയത്തിന് ശക്തി പകരാനും ലക്ഷ്യ പൂർത്തീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കാനും നമുക്ക് സാധിക്കണം. പുതിയ ഹരിതയുടെ സംസ്ഥാന നേതൃത്വത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
Post Your Comments