മംഗളൂരു : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലോടെ മംഗളൂരു യേനെപോയ ആശുപത്രിയിലായിരുന്നു അന്ത്യം.
ജൂലൈ 17 ന് രാവിലെ മംഗളൂരു അത്താവരയിലെ ഫ്‌ളാറ്റില്‍ യോഗ ചെയ്യുന്നതിനിടെയാണ് വീണത്. എന്നാല്‍ കാര്യമായ പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ ചികിത്സ തേടിയില്ല. വൃക്ക രോഗത്തെ തുടര്‍ന്നു ഡയാലിസിസ് ചെയ്തിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്നു വൈകിട്ട് ഡയാലിസിസ് ചെയ്തതിനു പിന്നാലെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണു രാവിലത്തെ വീഴ്ചയില്‍ തലയിടിച്ച് തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതും.
ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇതേ തുടര്‍ന്ന് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഉച്ചയോടെ നില വീണ്ടും വഷളാവുകയായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായും കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചു. ഗതാഗതം, ദേശീയപാത, തൊഴില്‍, സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ്, യുവജനകാര്യം, സ്‌പോര്‍ട്‌സ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി സെക്രട്ടറി ആയിരുന്നു. 17 വര്‍ഷം ലോക്‌സഭാംഗമായി. 23 വര്‍ഷമായി രാജ്യസഭാംഗമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്നു. 2 തവണ കര്‍ണാടക പിസിസി പ്രസിഡന്റ്, 1985ലും 1996 മുതല്‍ മരണം വരെയും എഐസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. വിവിധ പാര്‍ലമെന്റ് സമിതികളുടെ അധ്യക്ഷനായും അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ബ്ലോസം ഫെര്‍ണാണ്ടസ്. മക്കള്‍: ഓഷന്‍, ഒഷാനി. മരുമക്കള്‍: പ്രസില്‍ ക്വാഡ്രസ്, മാര്‍ക് സല്‍ദാന.
Post Your Comments