ജറുസലേം: വടക്കൻ ഇസ്രായേലിലെ അതീവസുരക്ഷയുള്ള തടവറയിൽ നിന്നും രക്ഷപെട്ട ആറ് പലസ്തീൻ തടവുകാരിൽ നാലു പേരെ പിടികൂടി. അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രണ്ട് പേരെ ആദ്യം തന്നെ പിടികൂടിയിരുന്നു. ഇനി രണ്ടു തടവുകാര്‍ കൂടിയാണ് അറസ്റ്റിലാവാനുള്ളത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തടവുകാർ ജയിൽ ചാടിയത്. ഇസ്രായേലിലെ അതീവ സുരക്ഷയുള്ള ഗിൽബോവ ജയിലിൽ നിന്നാണ് തടവുകാർ അതിവിദഗ്ധമായി രക്ഷപെട്ടത്. ഇസ്രായേലിന്റെ ശക്തമായ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിൽ നിന്നുള്ള പോലീസും സൈനികരും ഏജന്റുമാരും രക്ഷപെട്ട രണ്ട് തടവുപുള്ളികൾക്കായുള്ള തിരച്ചിലിൽ നടത്തുകയാണ്. ഗിൽബോവയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് സ്നിഫർ നായ്ക്കളെ വിന്യസിക്കുകയും ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തുവെന്നും പോലീസ് വക്താവ് എലി ലെവി ഇസ്രായേലി കാൻ റേഡിയോയോട് പറഞ്ഞു.
Also read:നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന് ഭയം: പത്തൊമ്പതുകാരന്‍ ജീവനൊടുക്കി
ഒരേ സെല്ലിൽ താമസിച്ചിരുന്ന ആറ് പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടത്. സെല്ലിലെ ഒരു ടോയ്‌ലറ്റിന് താഴെ നിന്ന് തുരങ്കം കുഴിച്ച് ഇതുവഴിയാണ് ജയിലിനു പുറത്തെത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാർ ആരുമറിയാതെ സെല്ലിലെ ടോയ്‌ലറ്റിനകത്ത് നിന്നും തുരങ്കം കുഴിച്ച് തുടങ്ങിയിരുന്നു. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ഇവർ ജയിൽ ചാടിയതെന്നാണ് ജയിൽ അധികൃതർ സംശയിക്കുന്നത്. ജയിലിൽനിന്നും കൂടുതൽ പലസ്തീൻ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാൻ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്. രക്ഷപെട്ടവർക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചതായി സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments