തിരുവനന്തപുരം: കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാൽ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ വ്യവസായ വ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകും. കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. കോളേജുകളിലെത്തുന്നതിന് മുൻപ് എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് കാലാവധി ആയവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്ന്’ അദ്ദേഹം അഭ്യർത്ഥിച്ചു.
‘കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ആരും വാക്സിനെടുക്കാതെ മാറി നിൽക്കരുതെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments