കാബൂള്‍ : പഞ്ച്ഷീറില്‍ പോരാട്ടം തുടരുന്നതിന് പിന്നാലെ താലിബാന്‍ വിരുദ്ധ വടക്കന്‍ സേനയുടെ മുന്‍നിര നേതാക്കളിലൊരാളായ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അമറുള്ള സലേയുടെ ജ്യേഷ്ഠ സഹോദരന്‍ റോഹുള്ള സലേയെയാണ് പഞ്ച്ഷീറില്‍ നിന്ന് കാബൂളിലേക്ക് പോകുന്നതിനിടെ താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊന്നത്.
സലേയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഭീകരര്‍ റോഹുള്ള സലേയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന.അതേസമയം റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനും താലിബാന്‍ തയ്യാറായില്ലെന്നാണ് വിവരം.
പാഞ്ച്ഷീറില്‍ താലിബാനെതിരെ അവസാന നിമിഷം വരെ പോരാടിയ അമറുള്ള സലേ താലിബാന്‍ തീവ്രവാദികള്‍ പിടികൂടുന്നതിന് മുന്‍പേ സുരക്ഷിത താവളത്തിലേക്ക് മാറിയെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സലേയുടെ സഹോദരിയേയും താലിബാന്‍ ഭീകരര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. തന്നെ ഒരു സമ്പൂര്‍ണ താലിബാന്‍ വിരോധിയാക്കിയത് ആ സംഭവമാണെന്ന് സലേ പറഞ്ഞിട്ടുണ്ട്.
അതേസമയം പഞ്ച്ഷീര്‍ പ്രവിശ്യ പൂര്‍ണമായി കീഴടക്കിയെന്ന് താലിബാന്‍ അവകാശപ്പെടുന്നെങ്കിലും താഴ്വരയുടെ പല പ്രദേശങ്ങളും താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. പ്രദേശത്തെ തന്ത്രപ്രധാന മേഖലകളില്‍ വടക്കന്‍ സഖ്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments